മുക്കം: മാസങ്ങൾക്ക് മുമ്പ് ഒന്നാം ഘട്ട പ്രവൃത്തി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്ത റോഡ് വാട്ടർ അഥോറിറ്റി കുത്തിപൊളിക്കുന്നു. മുക്കം - വെസ്റ്റ് മാമ്പറ്റ റോഡിൽ കയ്യിട്ടാപൊയിലിലാണ് പൈപ്പ് പൊട്ടിയ റോഡിന്റെ മധ്യ ഭാഗത്ത് ടാർ ചെയ്ത ഭാഗം കുത്തിപൊളിച്ച് പൈപ്പ് നന്നാക്കുന്നത്.
അഞ്ച് കോടിയോളം രൂപ ചെലവഴിച്ച് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് റോഡ് പ്രവർത്തി ആരംഭിച്ചിരുന്നത്. അന്നു തന്നെ നാട്ടുകാർ വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത് കേൾക്കാതെ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി ആദ്യഘട്ട ടാറിംഗ് പ്രവൃത്തി നടത്തുകയായിരുന്നു. റോഡ് തുടങ്ങുന്ന പിസി ജംഗ്ഷനിലും കുറ്റിപ്പാലയുടെയും കയ്യിട്ടാപൊയിലിന്റെയും ഇടയിലായുള്ള സ്ഥലത്തും ടാറിംഗ് നടത്താതെ പൈപ്പ് സ്ഥാപിക്കാനാണന്ന പേരിൽ ഒഴിച്ചിടുകയും ചെയ്തിരുന്നു.
മൂന്ന് കിലോമീറ്ററോളം ദൂരമുള്ള റോഡിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പല തവണ പൊട്ടുകയും നിരവധി തവണ റോഡ് കുത്തിപൊളിച്ച് കുഴി എടുക്കുകയും ചെയ്തതോടെ പല സ്ഥലങ്ങളിലും റോഡ് ഗതാഗത യോഗ്യമല്ലാതായി മാറിയിട്ടുമുണ്ട്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടി നിന്ന് ഇരുചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്.